കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ പച്ചകൊടി കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് കൈമാറി. എന്നാല്‍ ഇത് എപ്പോള്‍ യാഥാര്‍ത്ഥ്യമാവും എന്നതില്‍ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ധനമന്ത്രാലയമാണ്.കെ മുരളീധരന് എംപിക്ക് നല്കിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോഴിക്കോട് കിണാലൂരില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചോദ്യം കെ മുരളീധരന് ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുകൂലമായ സ്ഥലം നിര്‍ദേശിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നിര്‍ദേശിച്ചതെന്നാണ് വിവരം. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുന്നതാണ്. രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു.