സംസ്ഥാനത്ത് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കി തുടങ്ങി. 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് നല്‍കുക.ആകെ 143 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 103 കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചു. 3.9 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കോവിഡ് മൂലം മരണപ്പെട്ടതുമായ കുട്ടികള്‍ക്കുമാണ് സഹായം നൽകുക.കഴിഞ്ഞ വര്‍ഷമാണ് കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചുകൊണ്ട് വനിതാ ശിശുവികസന വകുപ്പ് ഉത്തരവ് ഇറക്കിയത്..കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങൾ പോർട്ടലിലെ ‘കോവിഡ് കെയർ’ എന്ന ലിങ്കിലൂടെ നല്‍കാം. ജില്ലാ ബാലാവകാശ കമ്മിഷൻ അധികൃതര്‍ക്കും സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിമാർക്കുമാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.