//
11 മിനിറ്റ് വായിച്ചു

ട്രോളിങ് നിരോധനം; സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം നിലവിൽ വന്നതോടെയാണ് സംസ്ഥാനത്ത് മൽസ്യവില കുതിച്ചുയരുന്നത്. എക്കാലവും ഏറ്റവും ഉയർന്ന വിലയുള്ള നെയ്മീന് ഇപ്പോൾ കിലോയ്ക്ക് 1350 രൂപ മുതലാണ് വില. ട്രോളിങ്ങ് നിരോധനത്തിന് മുമ്പ് 900-1000 രൂപയായിരുന്നു നെയ്മീന് കിലോയ്ക്ക് വില. കൊല്ലം നീണ്ടകര, മൽസ്യബന്ധന തുറമുഖത്തുനിന്നു കച്ചവടക്കാർ എടുത്ത് ചില്ലറ വിൽപന നടത്തുന്നതിന്‍റെ വിലയാണിത്. സാധാരണക്കാർ കൂടുതലായും വാങ്ങുന്ന നാടൻ മത്തിയ്ക്ക്(തെക്കൻ മത്തി) കിലോയ്ക്ക് 200 രൂപ മുതലാണ് വില. ചില സ്ഥലങ്ങളിൽ ഇത് 230 രൂപയുമാണ്. അയല ചെറുതാണെങ്കിൽ 200 രൂപ മുതലും വലുതാണെങ്കിൽ 300 രൂപ മുതലുമാണ് വില.ചൂരയുടെ വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. ചില ദിവസങ്ങളിൽ ഇത് 300-350 രൂപ വരെ ആകുന്നുണ്ട്. ചെറിയ ചെമ്മീന് 450 രൂപ മുതൽ മുകളിലോട്ടാണ് വില. കേര മൽസ്യത്തിന് 500-600 രൂപയാണ് ഇപ്പോൾ വില. ട്രോളിങ് നിരോധനത്തിന് മുമ്പ് ഇത് 400 രൂപയായിരുന്നു. സാധാരണക്കാർക്ക് ആശ്വസിക്കാൻ വകയുള്ളത് കൊഴുവ അഥവ നെത്തോലി(നെത്തൽ) മാത്രമാണ്. കൊഴുവയ്ക്ക് 70 രൂപ മുതൽ 100 രൂപ വരെയാണ് വില.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതുകൊണ്ടും മൽസ്യലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം. ജനപ്രിയമായ ഒട്ടുമിക്ക മൽസ്യങ്ങളും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇപ്പോൾ കൂടുതലായി ലഭിക്കുന്ന കൊഴുവയാണ്. അതിന് വില കൂടാതിരിക്കാൻ കാരണവും അതാണ്. ഹാർബറുകളിൽ മൽസ്യ ലഭ്യത കുറഞ്ഞതോടെ, കച്ചവടക്കാർ കമ്മീഷൻ കടകളെ ആശ്രയിക്കുന്നത് കൂടിയിട്ടുണ്ട്.ഇത് പഴകിയ മൽസ്യങ്ങൾ വീണ്ടും വ്യാപകമാകാൻ കാരണമാകുമെന്ന് പറയപ്പെടുന്നു. കൂടാതെ പൂർണ വളർച്ചയെത്താത്ത അയല, ചൂര പോലെയുള്ള മൽസ്യങ്ങളെ വ്യാപകമായി പിടിക്കുന്നതിലും പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളി മേഖലകളിൽ ഇത്തരത്തിൽ ചെറു മൽസ്യങ്ങളെ ട്രോളിങ് നിരോധന കാലയളവിൽ പിടികൂടുന്നതിനെതിരെ അധികൃതർ നടപടി എടുത്തിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!