നിലവിൽ ഫോസില്‍ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന മത്സ്യബന്ധന ബോട്ടുകളെ എല്‍പിജിയിലേയ്ക്ക് മാറ്റുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെയും സമഗ്ര സാമൂഹിക, സാമ്പത്തിക വികസന പദ്ധതിയായ ‘പരിവര്‍ത്തന’ത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.വെള്ളിയാഴ്ച വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടുകളില്‍ എല്‍പിജി പരീക്ഷണം നടത്തുന്നത് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അവലോകനം ചെയ്തു. എല്‍പിജി ഉപയോഗിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവ് 50-55 ശതമാനം വരെ ലാഭിക്കാമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡുമായി സഹകരിച്ചാണ് പരീക്ഷണം നടത്തിയത്. മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സിലിണ്ടര്‍ വികസിപ്പിച്ചെടുത്തുവെന്നും ഫിഷറീസ് വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.’മത്സ്യത്തൊഴിലാളികള്‍ ഉയര്‍ന്ന ഇന്ധനച്ചെലവ്, പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണമുള്ള മത്സ്യലഭ്യതക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളില്‍ മണ്ണെണ്ണ, പെട്രോള്‍ തുടങ്ങിയ ഇന്ധനങ്ങളില്‍ നിന്ന് എല്‍പിജിയിലേക്ക് മാറുന്നത് മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്ന പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കും”, മന്ത്രി പറഞ്ഞു.
പൂനെ ആസ്ഥാനമായുള്ള വനസ് എഞ്ചിനീയേഴ്സ് ലിമിറ്റഡുമായി സഹകരിച്ച് എച്ച്പിസിഎല്ലിന്റെ ഗവേഷണ-വികസന കേന്ദ്രം എല്‍പിജിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ബോര്‍ഡ് എഞ്ചിനുകള്‍ക്ക് മാത്രമായി കസ്റ്റമൈസ്ഡ് എല്‍പിജി കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബോട്ടുകളില്‍ എല്‍പിജി ഉപയോഗിക്കുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്ന് പരിവര്‍ത്തനം സിഇഒ റോയ് നാഗേന്ദ്രന് പറഞ്ഞു.’10 എച്ച്പി എഞ്ചിന് പ്രവര്‍ത്തിക്കുന്ന ബോട്ടിന് ഒരു മണിക്കൂര്‍ പ്രവര്‍ത്തനത്തിന് സാധാരണയായി ആറ് മുതല്‍ 10 ലിറ്റര്‍ വരെ മണ്ണെണ്ണ ആവശ്യമാണ്. മണ്ണെണ്ണ പോലുള്ള ഇന്ധനത്തിന്റെ 20 ശതമാനവും കടലിലേക്ക് ഒഴുകുന്നതിനാല്‍ പാഴാകുന്നതും കൂടുതലാണ്. എന്നാല്‍ എല്‍പിജി ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ 2.5 കിലോഗ്രാം എൽപിജി മാത്രമേ ഒരു മണിക്കൂര്‍ പ്രവര്‍ത്തനത്തിന് വേണ്ടി വരുന്നുള്ളൂ. ഫോസില്‍ ഇന്ധനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. മാത്രമല്ല, ഒരു എല്‍പിജി കിറ്റില്‍ നിന്ന് ഒന്നിലധികം എഞ്ചിനുകള്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും നാഗേന്ദ്രന് പറഞ്ഞു.
മണ്ണെണ്ണ, പെട്രോള്‍ എന്നിവ ഉപയോഗിച്ചുള്ള ഔട്ട്ബോര്‍ഡ് മോട്ടോര്‍ എളുപ്പത്തില്‍ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇന്ധനത്തിൽ പ്രവർത്തിക്കുന്നതാക്കി മാറ്റാമെന്നും എല്‍പിജി കണ്‍വേര്‍ഷന്‍ കിറ്റ് വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഒബിഎമ്മുമായി ബന്ധിപ്പിക്കാമെന്നും വകുപ്പ് അറിയിച്ചു.മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലുള്ള എഞ്ചിനുകള്‍ ഉപയോഗിച്ച് അധിക ചിലവ് കൂടാതെ കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിക്കാം. വേഗത, സുരക്ഷ, ഉപയോഗിക്കാനുള്ള എളുപ്പംതുടങ്ങിയ ആവശ്യകതകള്‍ കണക്കിലെടുത്താണ് എല്‍പിജി കിറ്റുകള്‍ ഒബിഎമ്മിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.