മംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കോളേജിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേടിയവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്‍റീനിൽ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്. കേസ് ഒത്തുതീർക്കാനാണ് പൊലീസും കോളേജും ശ്രമിക്കുന്നതെന്നും കുട്ടികളുടെ ആരോപണം. ഗ്യാസ് സ്ട്രബിൾ കാരണമാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് കോളേജിന്റെ വാദം. കേസ് ഒത്തുതീർക്കാനാണ് ക്യാന്റീൻ അധികൃതരും കോളേജ് അധികൃതരും ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്.