ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് സെക്രട്ടറിയോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടുമാണ് മന്ത്രി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് എടുക്കുന്നതിന്റെ ഔചിത്യം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ആയിരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് റഷീദ രംഗത്തെത്തി. ബാബുവിനെതിരെ കേസെടുക്കരുതെന്ന് അപേക്ഷിക്കുകയാണെന്ന് ഉമ്മ പറഞ്ഞു. മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്. കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ അംഗീകരിക്കില്ലെന്നും റഷീദ വ്യക്തമാക്കി.വനമേഖലയിൽ അനുമതിയില്ലാതെ വനത്തിൽ കയറിയതിനാണ് കേസെടുക്കുകയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മലയിലേക്ക് ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തും.അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുയെന്ന് വനംവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഇടപെടലോടെ തീരുമാനം മാറ്റുകയായിരുന്നു.