ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് അർജന്റീനയെ നേരിടും. ലോകകപ്പിൽ അവിശ്വസനീയകുതിപ്പ് നടത്തിയ മൊറോക്കോയെയാണ് സെമിയിൽ ഫ്രാൻസ് മടക്കിയത്. മറുപടിയില്ലാത്ത രണ്ടുഗോളിനായിരുന്നു ജയം. തിയോ ഹെർണാണ്ടസും കോളോ മുവാനിയും ലക്ഷ്യംകണ്ടു. 1962ൽ ബ്രസീലിനുശേഷം കിരീടം നിലനിർത്തുകയാണ് ഫ്രാൻസിന്‍റെ ലക്ഷ്യം. നാലാം തവണയാണ് ഫ്രാൻസ് ഫൈനലിലെത്തുന്നത്. 1998ലും 2018ലും ജേതാക്കളായി. 2006ൽ റണ്ണറപ്പായിരുന്നു.
സെമിയിൽ ക്രൊയേഷ്യയെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് അർജന്‍റീന ഫൈനലിലെത്തിയത്. ഫൈനലിനുശേഷം വിരമിക്കുമെന്ന് മെസി വെളിപ്പെടുത്തി. മുപ്പത്തഞ്ചുകാരന്‍റെ അഞ്ചാംലോകകപ്പാണ്. സെമിയിൽ ക്രൊയേഷ്യക്കെതിരെ നേടിയതടക്കം ലോകകപ്പിൽ ആകെ 11 ഗോളായി മെസിക്ക്. ഇക്കുറി അഞ്ച്. ലോകകപ്പിൽ കൂടുതൽ ഗോൾനേടിയ അർജന്‍റീനക്കാരനായി. ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ടയെയാണ് മറികടന്നത്. കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച റെക്കോഡിന് (-25) ഒപ്പമെത്താനും സാധിച്ചു.
ലോകകപ്പിൽ ഇന്നും നാളെയും കളിയില്ല. 17ന് മൂന്നാംസ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ് ഫൈനലും 18ന് ഫൈനലും. ലോകകപ്പ് ചരിത്രത്തിൽ 12 തവണ യൂറോപ്യൻ ടീമാണ് ജേതാക്കളായത്. ഒമ്പതുതവണ ലാറ്റിനമേരിക്കൻ ടീമിന് കപ്പ് കിട്ടി.