കണ്ണൂർ | ഉത്തര മലബാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് അതിഥി മര്യാദയുടെ പാഠങ്ങൾ പകർന്ന് നൽകാൻ നൂതന പദ്ധതികളുമായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ). പദ്ധതിയുടെ ഭാഗമായി ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റേഴ്സിനും നോംറ്റോയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകും.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഹാളിൽ 22-ന് വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ടൂറിസം രംഗത്തെ വിദഗ്ധർ പരിശീലനം നൽകും. ചേംബർ ഓഫ് കൊമേഴ്സിന്റെ കണ്ണൂരിലെയും കാസർകോട്ടെയും ടൂറിസം സംരംഭകരുടെ സംയുക്ത സംരംഭമാണ് നോംറ്റോ. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നോംറ്റോ സർട്ടിഫിക്കേഷനൊപ്പം ടാക്സികളിൽ പതിപ്പിക്കാൻ നോംറ്റോ സർട്ടിഫൈഡ് സ്റ്റിക്കറും നൽകും.
ഈ സ്റ്റിക്കറിൽ നൽകുന്ന മൊബൈൽ നമ്പരിൽ അതിഥികൾക്ക് പരാതികളും അഭിപ്രായങ്ങളും നോംറ്റോയെ അറിയിക്കാം. നോംറ്റോ അത്തരം പരാതികൾ / അഭിപ്രായങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിച്ച് പരാതിക്കാരെ അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷന്: 9287881881.