തണുത്തുറഞ്ഞ് മൂന്നാർ. മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്.സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി.
കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ വട്ടവടയിലും കടുത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. വട്ടവടയിലും മൈനസ് ഡിഗ്രിയിൽ തന്നെയാണ് തണുപ്പ്.പത്ത് വർഷങ്ങൾക്ക് മുൻപ് വരെ മൈനസ് നാല് ഡിഗ്രി വരെ മൂന്നാറിൽ താപനില താഴുമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില താഴുന്നത്.