രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 114.20 രൂപയും ഡീസലിന് 101.11 രൂപയുമായി, തിരുവനന്തപുരത്ത് പെട്രോളിന് 116.32 രൂപയും ഡീസലിന് 103.10 രൂപ, കോഴിക്കോട് പെട്രോൾ 114.49, ഡീസൽ 101.42 എന്നിങ്ങനെയാണ് വില. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് മാത്രം 10 രൂപ 3 പൈസയാണ് കൂട്ടിയത്.നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുകയാണ്. ഇന്ധന വിലയുടെ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുകയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർധനവ് പതിവാകുകയാണ്. തുടർച്ചയായ 16ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത്.