///
10 മിനിറ്റ് വായിച്ചു

തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ ബോംബേറ്; പൊലീസുകാർ രക്ഷപ്പെട്ടത് തലനാഴിയ്ക്ക്

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ബോംബെറിഞ്ഞത്. തലനാഴിയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. അണ്ടൂർക്കാണം സ്വദേശികളും സഹോദരങ്ങളുമായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിന് പുറമേ പൊലീസിന് നേരെ മഴുവും ആയുധങ്ങളും വലിച്ചെറിഞ്ഞു. ഷമീറും ,ഷഫീകും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെയാണ് (21) തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നിഖിലിനെ കണിയാപുരത്തു വെച്ചു തടഞ്ഞു നിർത്തി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് വ്യക്തമായിട്ടുണ്ട്.ഓടി രക്ഷപ്പെടാതിരിക്കാൻ ഇയാളുടെ വയറ്റിൽ പടക്കവും വാളും തിരുകി വച്ചാണ് കൊണ്ടുപോയത്. നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായാണ് മർദ്ദിച്ച് അവശനാക്കിയത്. നിഖിലിന്റെ പിതാവിനെ ഫോണിൽ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. നിഖിലിന്റെ പിതാവ് കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൊബൈൽ ടവർ ലൊക്കേഷൻ വെച്ചു പൊലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവിനെ ഉപേക്ഷിച്ചു സംഘം രക്ഷപെട്ടു. അഞ്ചുതെങ്ങ്, കഠിനംകുളം, മംഗലപുരം പ്രദേശങ്ങളിൽ വീണ്ടും ഗുണ്ടാ സംഘം സജീവമാവുകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!