കണ്ണൂർ:മരുന്നുകളുടെ കുറിപ്പടിയിൽ ജനറിക് പേരുകൾ നിർബന്ധമാക്കാൻ സർക്കാർ നിർദേശം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ജനറിക് പേരുകൾ എഴുതണമെന്ന് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. അത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഇടപെടൽ. കമ്പനികൾ വിവിധ ബ്രാൻഡ്‌പേരുകളിലാണ് മരുന്നുകൾ വിപണിയിലിറക്കുന്നത്. എല്ലാ മരുന്നുകൾക്കും രാസനാമവും ജനറിക് പേരും ബ്രാൻഡ് പേരുമുണ്ട്.എന്നാൽ ബ്രാൻഡ് പേര് മാത്രമാണ് ഡോക്ടർമാർ കുറിപ്പടിയിൽ എഴുതുന്നത്. ഡോക്ടർക്ക് താൽപ്പര്യമുള്ള കമ്പനികളുടെ മരുന്നുമാത്രമേ കുറിപ്പടിയിൽ ഉണ്ടാകാറുള്ളൂ. മറ്റു കമ്പനികളുടെ മരുന്നുകൾക്കില്ലാത്ത മികവ് തങ്ങളുടെ മരുന്നിനുണ്ടെന്ന് ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചും വിലയേറിയ പാരിതോഷികം നൽകി പ്രലോഭിപ്പിച്ചുമാണ് കമ്പനികൾ സ്വന്തം ബ്രാൻഡ് രോഗികളിൽ എത്തിക്കുന്നത്.നിലവിൽ ഡോക്ടർമാർ എഴുതുന്ന പല മരുന്നുകളും അവരുടെ ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ പരിസരത്തുമാത്രമാണ് ലഭിക്കുക. ജനറിക് പേരുകൾ നിർബന്ധമാക്കുന്നതോടെ ബ്രാൻഡ് പേരുകൾ അപ്രസക്തമാകും. വിലകൂടിയ ബ്രാൻഡുകൾ രോഗികൾക്ക് നിർദേശിക്കുന്നതും ഒഴിവാക്കാനാകും.