സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ഗോ ഫസ്റ്റ് എയർലൈൻ എല്ലാ ഫ്ലൈറ്റുകളുടെയും റദ്ദാക്കൽ മെയ് 12 വരെ നീട്ടി. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആദ്യം മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാന സർവീസുകൾ നിർത്തിവച്ചിരുന്നുവെങ്കിലും പിന്നീട് മെയ് 9 വരെ ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. മെയ് 15 വരെ ഗോ ഫസ്റ്റ് ടിക്കറ്റ് വിൽപ്പന നിർത്തിവച്ചതായും റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു.
2019 ന് ശേഷമുണ്ടായ ആദ്യത്തെ വലിയ എയർലൈൻ തകർച്ചയാണ് ഗോ ഫസ്റ്റ് നേരിടുന്നത്. വിമാനത്തിന്റെ എഞ്ചിനുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ കമ്പനിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.