ഗവര്‍ണറെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്തിയാല്‍ മന്ത്രിമാര്‍ക്കുള്ള പ്രീതി പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ നടത്തിയ നടത്തിയ ‘യുപി’ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത്.
ഒമ്പത് സര്‍വ്വകലാശാല വി സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്ക് പിന്നാലെയായിരുന്നു പ്രസംഗം. ബാലഗോപാലിന്റെ പരാമര്‍ശം സംബന്ധിച്ച് ഒക്ടോബർ 19ന് വന്ന വാര്‍ത്തകള്‍ സഹിതമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
‘വൈസ് ചാന്‍സലര്‍മാര്‍ക്ക് 100 സുരക്ഷാ ഭടന്മാര്‍ വരെയുള്ള, യുപി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളെ മനസിലാക്കാന്‍ പ്രയാസമായിരിക്കും’ എന്നാണ് ഒരു പൊതുപരിപാടിക്കിടെ മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും പരിപാടിയില്‍ സംസാരിച്ചിരുന്നു.
ധനമന്ത്രിയുടെ പ്രതികരണം സംബന്ധിച്ച് ദ ഹിന്ദു, ദ ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ഗവര്‍ണറുടെ കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനമന്ത്രിയുടെ പരാമര്‍ശം ഗവര്‍ണര്‍ സ്ഥാനത്തെയും ഓഫീസിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രിയും നിയമമന്ത്രിയും അടക്കം തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും എന്നാല്‍ അത് താന്‍ അവഗണിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശത്തിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അത് തന്റെ കടമകളുടെ ഗുരുതര വീഴ്ചയാകുമെന്നും കത്തില്‍ ഗവര്‍ണര്‍ പറയുന്നുണ്ട്.
ബാലഗോപാലിന്റെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമാണ്. അറിഞ്ഞുകൊണ്ട് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഒരു മന്ത്രിക്ക് തന്റെ പ്രീതിയില്‍ തുടരാന്‍ സാധിക്കില്ല. വിഷയം ഗൗരവമായി എടുക്കുമെന്ന് കരുതുന്നതായും കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നുണ്ട്.
ധനമന്ത്രിയെ മാറ്റില്ലെന്നാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.
ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. പ്രസംഗം ഗവര്‍ണറെയോ രാജ്ഭവന്റെയോ അന്തസിനെ ഇകഴ്ത്തിക്കാണിക്കുന്ന ഒന്നല്ല, അതുകൊണ്ട് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നും മറുപടിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.