/
13 മിനിറ്റ് വായിച്ചു

സംസ്ഥാനത്തെ ഗവണ്മെന്റ് കോളേജ് കാന്‍റീനുകളിൽ വിദ്യാർത്ഥികളുടെ ഭക്ഷണ നിരക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിലാക്കും

സംസ്ഥാനത്തെ കോളേജ്  കാന്‍റീനുകളില്‍ കുറഞ്ഞ നിരക്കിലുള്ള ഭക്ഷണം  ഇനി എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിക്കില്ല. പുതിയ അധ്യയന വര്‍ഷത്തിലാണ് ഈ രീതി നടപ്പാക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കേണ്ട വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ട്രേറ്റ് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.വര്‍ഷങ്ങളായി കോളേജ് കാന്‍റീനുകളില്‍ കുറഞ്ഞ നിരക്കിലാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. സംസ്ഥാനത്തെ ഗവണ്‍മെന്‍റ് കോളേജ് കാന്‍റീനുകള്‍ കുടുംബശ്രീ മിഷന്‍ മുഖേന പ്രവര്‍ത്തിപ്പിക്കണമെന്ന തീരുമാനം നടപ്പാക്കുമ്പോഴാണ് വിവേചനപരമായ ഈ നീക്കം നടക്കുന്നത്, കോളേജ് കാന്‍റീന്‍ കമ്മിറ്റികള്‍ സ്വകാര്യ വ്യക്തികളുമായി കരാറുണ്ടാക്കിയാണ് മുന്‍ വര്‍ഷങ്ങളില്‍ കാന്‍റീന്‍ നടത്തിയിരുന്നത്. ചില കോളേജുകളില്‍ സഹകരണ സംഘങ്ങള്‍ വഴിയും കാന്‍റീന്‍ നടത്തിയിരുന്നു. കുടുംബശ്രീ യൂണിറ്റുകള്ളെ ചുമതലയേല്‍പ്പിച്ച കോളേജുകളുമുണ്ട്. ഇവിടങ്ങളിലെല്ലാം കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നു.

കെട്ടിടം, വൈദ്യുതി, ഫര്‍ണിച്ചര്‍ തുടങ്ങിയവ കോളേജ് ലഭ്യമാക്കുന്നതിനാല്‍ കാന്‍റീന്‍ നടത്തിപ്പുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കാനാവും. കാന്‍റീന്‍ നടത്തിപ്പ് കുടുംബശ്രീക്ക് നല്‍കിയപ്പോള്‍ കുറഞ്ഞ നിരക്കില്‍  ഭക്ഷണം നല്‍‌കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം സബ്സിഡിയിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചത്.അതേസമയം, സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി എസ്എഫ്ഐ പ്രതികരിച്ചു. കോളേജുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്നതിനും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിക്കുന്ന സംരംഭം സ്വാഗതാര്‍ഹമാണെന്ന് എസ്എഫ്ഐ സംസ്ഥാനെ സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു.വിദ്യാര്‍ഥികള്‍ പട്ടിണികിടക്കണമെന്ന ആഹ്വാനമാണിത്, വിദ്യാര്‍ഥികള്‍ക്കിടയില്‍ തുല്യതയ്ക്ക് പകരം വേര്‍തരിവ് ഉണ്ടാക്കുന്ന തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എ.ഐ.എസ്.എഫ്, എംഎസ്എഫ്, എബിവിപി എന്നീ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!