മലയാളികളുടെ പ്രിയതാരമാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. പൊക്കമല്ല കഴിവാണ് വലുതെന്ന് ഓരോദിനവും ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചു കൊണ്ടിരിക്കുന്ന പക്രുവിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ഗിന്നസ് പക്രുവിനായി ഒരു മെഴുക് പ്രതിമ തയ്യാറാക്കിയിരിക്കുകയാണ് ഒരു കലാകാരൻ. ശില്പി ഹരി കുമാർ ആണ് ഒറ്റനോട്ടത്തിൽ ഗിന്നസ് പക്രുവാണോന്ന് തോന്നിപ്പിക്കുന്ന മെഴുക് പ്രതിമ തയ്യാറാക്കിയത്. കോട്ടയം പ്രസ്ക്ലബ്ബിൽ വച്ചായിരുന്നു പ്രതിമയുടെ അനാച്ഛാദനം നടന്നത്.
കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. കാരണം ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓണം നാളിൽ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്. നമ്മളും കലാമേഖലയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്.
ഡ്രസ്സും മെഴുകും കുറച്ചുമതി എന്നാല്‍ ആ സൂക്ഷമത അത്ഭുതപ്പെടുത്തിയെന്നും ഗിന്നസ് പക്രു പറഞ്ഞു. ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമാണിത്. പ്രതിമയ്ക്ക് വേണ്ടി ഹരി കുമാർ ചെലവഴിച്ച സമയം മുഴുവൻ എന്നോടുള്ള സ്നേഹമാണ്. കൺപീലി വരെ വ്യക്തമായി നിരീക്ഷിച്ച് അദ്ദേഹം ചെയ്തിട്ടുണ്ടെന്നും പക്രു വ്യക്തമാക്കി.
‘പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എൻ്റെ കൊച്ചു മെഴുക് പ്രതിമ’, എന്നാണ് വീഡിയോ പങ്കുവച്ച് പക്രു ഫേസ്ബുക്കിൽ കുറിച്ചത്.