ഗുജറാത്ത് വിഷയം അടഞ്ഞ അധ്യായമാണെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെ ഡോക്യുമെന്ററി സെൻസർഷിപ്പിനോട് യോജിക്കാനാവില്ലെന്നും ശശി തരൂർ എം.പി. 20 വർഷങ്ങൾക്ക് മുമ്പുള്ള സംഭവമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. സുപ്രിം കോടതി തന്നെ ഈ വിഷയത്തിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളതിനാൽ ഇതിനി വിവാദമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ബിബിസി ഡോക്യുമെന്ററി പരമാധികാരത്തെ ബാധിക്കുന്നതാണെന്ന അനിൽ ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്നും ശശി തരൂർ എം.പി വ്യക്തമാക്കി.
അത്ര ദുർബലമാണോ നമ്മുടെ പരമാധികാരം?. ജനാധിപത്യത്തിൻറെ ഭാഗമാണ് ആവിഷ്കാര സ്വാതന്ത്ര്യം. അതിനെ വേറെ രീതിയിൽ കാണാനാണ് ചിലർ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ഡോക്യുമെന്ററി കാണിക്കാൻ പാടില്ല എന്ന നിലപാടിനോട് യോജിപ്പില്ല. ജനങ്ങൾക്ക് അവരുടെ ഇഷ്ടം അനുസരിച്ച് കാണാനും വായിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കേന്ദ്രത്തിന്റെ വിലക്ക് അനാവശ്യമാണെന്നും വിലക്കിയിരുന്നില്ലെങ്കിൽ ആ ഡോക്യുമെന്ററി എത്ര പേർ കാണുമായിരുന്നുവെന്നും ശശി തരൂർ ചോദിച്ചു.
ബി.ബി.സി ഡോക്യുമെന്ററിയെ വിമർശിച്ച അനിൽ ആൻ്റണിയുടെ രാജി രാഷ്ട്രീയമായ അനിവാര്യതയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. അനിൽ ആൻ്റണിയുടെ പ്രവർത്തനം എങ്ങിനെയുണ്ടായിരുന്നു എന്ന് അദ്ദേഹത്തെ നിയമിച്ചവരാണ് പറയേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെപ്പറ്റി പറയാൻ താനാളല്ല. അനിലിനെ നിയമിച്ചവർ അക്കാര്യം പരിശോധിക്കണം. സ്റ്റേറ്റ് എന്നു പറഞ്ഞാൽ മോദി അല്ലെന്നും മോദിക്ക് എതിരെയുള്ള വിമർശനം സ്റ്റേറ്റിനു എതിരെയുള്ള വിമർശനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.