തലശേരി:മലയാള ഭാഷയെയും സംസ്കാരത്തെയും സമ്പന്നമാക്കിയ ഡോ. ഹെർമൻ ഗുണ്ടർട്ടിലേക്കുള്ള യാത്രയാവും ഇല്ലിക്കുന്ന് ഗുണ്ടർട്ട് മ്യൂസിയം. ഗുണ്ടർട്ടെന്ന പ്രതിഭാശാലിയുടെ ഒളിമങ്ങാത്ത ഓർമകളിലേക്കാണ് ചരിത്രം സ്പന്ദിക്കുന്ന ബംഗ്ലാവ് വാതിൽ തുറക്കുന്നത്. അറിയപ്പെടാത്ത ഗുണ്ടർട്ടിന്റെ ജീവിതകഥയിലേക്ക് ഇനി നാടിന് യാത്രചെയ്യാം. ഒപ്പം ഭാഷയുടെയും സംസ്കാരത്തിന്റെയും വികാസചരിത്രവും അറിയാം.ഗുണ്ടർട്ടിന്റെ ജീവിതത്തെ ആറ് ഭാഗമാക്കിയാണ് മ്യൂസിയത്തിൽ അവതരിപ്പിക്കുന്നത്. ഹെർമൻ ഗുണ്ടർട്ട് ചിത്രപഥങ്ങളും ജീവിതവും, ഗുണ്ടർട്ട് ഭാഷയ്ക്കും സാഹിത്യത്തിനുമപ്പുറം, ഇന്നും ജീവിക്കുന്ന പ്രതിഭ, ഐതിഹാസിക രചനകളും പ്രസാധനവും, നിഘണ്ടുവും വ്യാകരണവും ഗുണ്ടർട്ട് മാതൃക, മഹാനായ വഴികാട്ടി എന്നീ വിഭാഗമായാണ് മ്യൂസിയം സജ്ജീകരിച്ചത്.ഹെർമൻ ഹെസ്സേ ലൈബ്രറിയും ജൂലി ഗുണ്ടർട്ട് ഹാളും ഗുണ്ടർട്ട് പ്രതിമയും അനുബന്ധമായുണ്ട്. വിദേശവനിത സംഭാവന ചെയ്തതടക്കം അപൂർവ ഗ്രന്ഥങ്ങളാൽ സമ്പന്നമാകും ഹെസ്സേ ലൈബ്രറി. ഡിജിറ്റൽ ബുക്ക് ആർക്കൈവസ്മുണ്ടാകും. ഓരോ അക്ഷരത്തിന്റെയും പിറവിയും ഗുണ്ടർട്ടിന്റെ ജീവിതവും പറയുന്ന വീഡിയോയും കാണാം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവരണങ്ങളിലൂടെയാണ് ഗുണ്ടർട്ടിന്റെ ജീവിതകഥ പറയുന്നത്.