പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി.കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് .
കണ്ണൂരിൽ രണ്ടിടങ്ങളിൽ കല്ലേറ് ഉണ്ടായി . ഉളിയിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്.ഡ്രൈവർ ധർമ്മടം സ്വദേശി രതീഷിന് പരിക്കേറ്റു . ഇവിടെ ഒരു കാറും എറിഞ്ഞ് തകർത്തു.വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ് ഉണ്ടായി.
മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത് .വളപട്ടണത്ത് അനഖ എന്ന 15 വയസുകാരിക്ക് കല്ലേറിൽ പരിക്ക്. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു . പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.
തിരുവനന്തപുരത്ത് മൂന്നിടത്ത് കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി . കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത് . ബൈക്കിൽ വന്ന രണ്ടുപേർ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു .
ബസ്സിന്റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു . ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നതായി ഡ്രൈവർ. തിരുവനന്തപുരം കല്ലറ – മൈലമൂട് സുമതി വളവിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറുണ്ടായി . കാട്ടാക്കട അഞ്ചുതെങ്ങ് മൂഡിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്.
അരുമാനൂരിൽ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണം. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞു തകർത്തു. എയർപോർട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം.
അതേസമയം സർവീസ് നടത്താൻ എല്ലാ സുരക്ഷയും ഒരുക്കുമെന്ന പൊലീസ് പ്രഖ്യാപനം നടപ്പായിട്ടില്ല . പലയിടത്തും പൊലീസ് കെ എസ് ആർ ടി സി സർവീസ് നടത്തേണ്ടതില്ലെന്ന് അതാത് സ്റ്റേഷൻ മാസ്റ്റർമാരെ അറിയിക്കുകയാണ്. ഫലത്തിൽ ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.