//
12 മിനിറ്റ് വായിച്ചു

പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശിയായ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഇന്ന് പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കി, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.മതവികാരം ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യക്തമായ ലക്ഷ്യത്തോട് കൂടിയാണ് കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസില്‍ നിലവില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ്, പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് പി എ നവാസ്, മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പോപ്പുലര്‍ ഫ്രണ്ടിന്റെ ജനമഹാസമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ വെച്ച നടന്ന റാലിക്കിടെയായിരുന്നു ഒരാളുടെ തോളിലിരുന്നു പ്രായപൂർത്തയാവാത്ത കൂട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ”അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ടെന്നായിരുന്നു” പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. എന്നാല്‍ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു കുട്ടി വിളിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!