കണ്ണൂർ: കനത്ത മഴയിൽ പലയിടങ്ങളിലും നാശം. പയ്യാമ്പലം റോഡിൽ ഉർസുലിൻ സ്കൂളിന് സമീപത്ത് വൈദ്യുതക്കമ്പിയിലേക്ക് തെങ്ങ് വീണു. കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി. അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചു മാറ്റി. കണ്ണൂർ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപത്തും റോഡിലേക്ക് മരം പൊട്ടി വീണു. മരം വൈദ്യുതക്കമ്പിയിൽ കുടുങ്ങിയ നിലയിലായിരുന്നു. കോർപ്പറേഷൻ തൊഴിലാളികൾ മരം മുറിച്ചു മാറ്റി.
കണ്ണൂർ മഹാത്മാമന്ദിരത്തിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നുവീണു.ഇതിന്റെ തൂണുകൾ ദ്രവിച്ച നിലയിലായിരുന്നു. കോർപ്പറേഷൻ തൊഴിലാളികളാണ് റോഡിലേക്ക് മറിഞ്ഞുവീണ കാത്തിരിപ്പു കേന്ദ്രത്തിന്റെ ഭാഗങ്ങൾ മാറ്റിയത്. കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ എം.പി.രാജേഷ് നേതൃത്വം നൽകി.
മയ്യിൽ വില്ലേജിൽ മൂന്ന് വീടുകൾക്ക് നാശം
മയ്യിൽ: കനത്ത മഴയിൽ മയ്യിൽ വില്ലേജിൽ മൂന്നു വീടുകൾക്ക് നാശം. കാവിൻമൂലയിലെ ഭാസ്കരൻ വെളിച്ചപ്പാടൻ, ഇല്ലംമുക്കിലെ കുന്നുമ്മൽ രാധാമണി, കടൂരിലെ വാടി ശങ്കരൻ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ണ, വില്ലേജ് ഓഫീസർ പി.കെ.വിനീഷ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ എ.രൂപേഷ് എന്നിവർ വീടുകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.