സംസ്ഥാനം മഴക്കെടുതി നേരിടുന്നതിനിടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണം.ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലും മഴക്കെടുതിയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതാണെന്ന തരത്തില്‍ വാട്‌സാപ്പിലടക്കം പങ്കുവെയ്ക്കപ്പെട്ടു. തെറ്റായതും അതിശയോക്തി കലര്‍ന്നതുമായ മുന്നറിയിപ്പുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ദുരന്തനിവാരണത്തേയും രക്ഷാപ്രവര്‍ത്തനത്തേയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലകളിലെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.