/
16 മിനിറ്റ് വായിച്ചു

കനത്ത മഴ ; തീരമേഖലയിൽ കടലാക്രമണം, രണ്ട് മരണം ,
 ഒരാളെ കാണാതായി

തിരുവനന്തപുരം
സംസ്ഥാനത്ത്‌ ദുരിതം വിതച്ച്‌ കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ്‌ പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്‌. മഴക്കെടുതിയിൽ ചൊവ്വാഴ്‌ച രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക്‌ പരിക്കേറ്റു. ഒരാളെ കാണാതായി. കൊല്ലം –-ചെങ്കോട്ട റെയിൽപാതയിൽ കരിക്കോട്ട്‌ പാളത്തിൽ മരംവീണു. എറണാകുളം പനങ്ങാടും പാലാരിവട്ടത്തും കാലടി മറ്റൂരിലും കളമശേരിയിലും റോഡിൽ മരം വീണ്‌ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത്‌ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വൈക്കത്തും പൂഞ്ഞാറിലുമായി രണ്ടു വീട്‌ തകർന്നു.

കോഴിക്കോട്‌ കടലുണ്ടി -ചാലിയം, എറണാകുളം നായരമ്പലം, കൊല്ലം ഇരവിപുരം, അഴീക്കൽ  മേഖലയിൽ ശക്തമായ കടൽക്ഷോഭത്തിൽ  വീടുകൾ വെള്ളത്തിലായി. മലപ്പുറം പൊന്നാനി ഹിളർ പള്ളി, മരക്കാർ പള്ളി എന്നിവിടങ്ങളിലെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള തീരത്ത്‌ 3.7  മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌.

സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥരോട്‌ ഹാജരാകാൻ നിർദേശം നൽകി.

രണ്ട് മരണം ,
 ഒരാളെ കാണാതായി
കനത്ത മഴയിൽ സംസ്ഥാനത്ത്‌ രണ്ടുമരണം, ഒരാളെ കാണാതായി.  തോട്ടിൽവീണ വിദ്യാർഥിയും തെങ്ങ്‌  വീണ്‌ കർഷകത്തൊഴിലാളിയുമാണ്‌ മരിച്ചത്‌. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് ഇരിങ്ങാലക്കുട പടിയൂർ വളവനങ്ങാടി കൊല്ലമാംപറമ്പിൽ വീട്ടിൽ ആന്റണിയുടെ മകൻ വെറോൺ (19) ആണ് മരിച്ചത്. ചൊവ്വ വൈകിട്ട്‌ നാലിന്‌  അരിപ്പാലം പാലത്തിനു സമീപമാണ്‌ അപകടം. കല്ലേറ്റുങ്കര പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ. അമ്മ:- ലിസ. സഹോദരൻ: സോളമൻ.

പാലക്കാട്‌ വടക്കഞ്ചേരിയിൽ നെൽപ്പാടത്ത് ജോലി ചെയ്തിരുന്ന പല്ലാറോഡ് സ്വദേശിനി തങ്കമണി(53)യാണ്  തെങ്ങ് പൊട്ടിവീണ് മരിച്ചത്. ഭർത്താവ്: മണി. മക്കൾ: വിനു, വിനിത, വിൻസി, ജിൻസി, വിനീഷ്, ജിനീഷ്. മരുമക്കൾ: മുരളി, സന്തോഷ്, പ്രവീൺകുമാർ, സൗമ്യ.കോഴിക്കോട്‌ കൊടിയത്തൂർ തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്കിൽപ്പെട്ടാണ് ഒരാളെ കാണാതായത്‌. ചാത്തപ്പറമ്പ് ഹുസൈൻ കുട്ടി (64)യാണ്  ഒഴുക്കിൽപ്പെട്ടത്.

സുരക്ഷിത സ്ഥലത്തേക്ക് 
മാറണം
മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പകൽസമയത്തുതന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറണം.   കടലാക്രമണ  സാധ്യതയുള്ള  മേഖലകളിലുള്ളവരും മാറിത്താമസിക്കണം. മലയോര പ്രദേശങ്ങളിലേക്ക്‌ രാത്രിയാത്ര പാടില്ല.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!