നോക്കുകൂലിക്കെതിരെ ഹൈക്കോടതി ഉത്തരവ്. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാൽ പൊലീസ് കേസെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ ഐപിസി 383, ഐപിസി 503 വകുപ്പുകൾ ചുമത്താമെന്ന് ഹൈക്കോടതി അറിയിച്ചു.നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേൾക്കരുതെന്നാണ് മൂന്ന് ആഴ്ച മുൻപ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.
നോക്കുകൂലി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനിലേക്കും നിർദേശം നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നോക്കുകൂലി വാങ്ങുന്നവർക്കെതിരെ കർശന വ്യവസ്ഥകൾ പ്രകാരം ഗുരുതരകുറ്റത്തിന് കേസെടുക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണമെന്നും നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.