“ഹിന്ദു” എന്ന പദം പേർഷ്യക്കാരാണ് സൃഷ്ടിച്ചതെന്ന മുൻ പ്രസ്താവന ആവർത്തിച്ച് കർണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് ജാർക്കിഹോളി. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ഹിന്ദു എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നതിന് നൂറുകണക്കിന് രേഖകളുണ്ടെന്നും ജാർക്കിഹോളി പ്രതികരിച്ചു. ഹിന്ദു എന്ന വാക്കും മതവും ജനങ്ങളുടെ മേൽ ബലമായി അടിച്ചേൽപ്പിച്ചതാണെന്ന് ജാർക്കിഹോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുസംസ്ഥാനത്തെ ബെലഗാവി ജില്ലയിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ജാർക്കിഹോളിയുടെ വിവാദ പരാമർശം. ‘ഹിന്ദു’ എന്ന പദം എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ച ജാർക്കിഹോളി ഇത് പേർഷ്യയിൽ നിന്നാണ് വന്നതാണെന്ന് പറയുകയും ചെയ്തു. ഇറാൻ, ഇറാഖ്, കസാഖ്സ്താൻ, ഉസ്‌ബെക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നുമാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിക്കുന്നത്. അപ്പോൾ ഇന്ത്യയുമായി എന്താണ് ബന്ധമെന്നും ‘ഹിന്ദു’ എന്ന വാക്ക് എങ്ങനെയാണ് നിങ്ങളുടേതായതെന്നും അദ്ദേഹം ചോദിച്ചു.