തിരുവനന്തപുരം
ട്രാൻസ്ജെൻഡർ സമൂഹത്തിലെ എല്ലാവർക്കും താമസിക്കാനുള്ള ഇടം ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിനകം ട്രാൻസ്ജെൻഡറുകൾക്ക് സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീട് ഉറപ്പാക്കും. ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡർ ഫെഡറേഷൻ ഓഫ് കേരള (ഡിടിഎഫ്കെ) സംസ്ഥാന കൺവൻഷൻ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാൻസ്ജെൻഡർ സമൂഹത്തിൽനിന്ന് അടിയന്തര പ്രാധാന്യത്തോടെ പരിവർത്തനം ചെയ്ത് പൊതുസമൂഹത്തിലെ പ്രധാന ശക്തികളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സർക്കാർ ഇതിനകം മൂന്നരലക്ഷം പേർക്ക് വീട് നൽകി. എല്ലാവർക്കും താമസിക്കാൻ ഇടം നൽകുന്ന ആദ്യത്തെ സർക്കാരാകും നമ്മുടേത്. സംസ്ഥാനത്തെ 64,006 അതിദരിദ്ര കുടുംബത്തെ സർക്കാർ ഏറ്റെടുത്ത് ഭക്ഷണവും വീടും സൗജന്യ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.