സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. 14 കോടിയോളം രൂപയാണ് സബ്‌സിഡി ഇനത്തില്‍ ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളളത്. സാധനങ്ങളുടെ വിലക്കയറ്റവും ഹോട്ടലുകളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് അരിയും പച്ചക്കറിയുമടക്കം കടം വാങ്ങിയാണ് പല ജനകീയ ഹോട്ടലുകളും മുന്നോട്ടുപോകുന്നത്. കുടുംബശ്രീയുടെ ഭാഗമായി ആകെ 1027 ജനകീയ ഹോട്ടലുകളാണ് സംസ്ഥാനത്തുളളത്. 20 രൂപയാണ് ഇത്തരം ഹോട്ടലുകളില്‍ ഒരു ഊണിന്റെ വില.
എന്നാല്‍ ഇത് ഉണ്ടാക്കിയെടുക്കാനുളള ചെലവ് അതിലേറെയാണ്. 20 രൂപയുടെ ഊണിന് പത്ത് രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കേണ്ടത്.എന്നാല്‍ കഴിഞ്ഞ മെയ് മാസത്തിന് ശേഷം മിക്ക ജനകീയ ഹോട്ടലുകള്‍ക്കും സബ്‌സിഡി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ജനകീയ ഹോട്ടലുകളുടെ നിലനില്‍പ്പിന് പശ്ചാത്തലം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവം കാട്ടുകയാണെന്ന പരാതിയാണ് പരക്കെ ഉയരുന്നത്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കാത്ത പക്ഷം ജനകീയ ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകാനാകില്ല എന്ന മുന്നറിയിപ്പാണ് ഇതിലൂടെ സംരംഭകര്‍ നല്‍കുന്നത്.