പശുവിനെ കശാപ്പ് ചെയ്യുന്നതു നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിൽ 22 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാത്ത ദിവസം മാത്രമേ ഭൂമിക്ക് ക്ഷേമം ഉണ്ടാകൂ എന്നും താപി ജില്ലാ കോടതി അധ്യക്ഷനായ സെഷൻസ് ജഡ്ജി എസ്. വി. വ്യാസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ചാണകം കൊണ്ട് നിർമിച്ച വീടുകളെ ആറ്റോമിക് റേഡിയേഷൻ ബാധിക്കില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും മരുന്നു കണ്ടുപിടിക്കാത്ത പല രോഗങ്ങൾക്കും ഗോമൂത്രം മരുന്നായി ഉപയോഗിക്കാം എന്നും കോടതി പറഞ്ഞു. പശുവിന് വംശനാശം സംഭവിച്ചാൽ പ്രപഞ്ചമാകെ ഇല്ലാതാകുമെന്നും സംസ്‌കൃത ശ്ലോകം ഉദ്ധരിച്ച് കോടതി പറഞ്ഞു. വേദങ്ങളുടെ ഉത്ഭവം പശുക്കൾ മൂലമാണെന്നും കോടതി കൂട്ടിച്ചേർത്തു.പശുക്കളെ കൊല്ലുന്നത് അനുവദിക്കാൻ ആകില്ലെന്നും പശുവിനെ കൊല്ലുന്നതും അനധികൃതമായി കൊണ്ടുപോകുന്നതും ഒരു പരിഷ്‌കൃത സമൂഹത്തിന് നാണക്കേടു തോന്നേണ്ട പ്രവൃത്തി ആണെന്നും കോടതി വ്യക്തമാക്കി. 24 പേജ് നീളുന്നതായിരുന്നു ഉത്തരവ്.