ധോണിയില്‍ നിന്നും പിടികൂടിയ കാട്ടാന ധോണി(പി.ടി.7)-യുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹായം തേടി ആരു വിളിച്ചാലും ഫോണ്‍ എടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
‘ആനയായാലും കടുവയായാലും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക എന്നാണ് പ്രധാനം. പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും. അത്തരംശ്രമങ്ങളില്‍നിന്ന് എല്ലാ കര്‍ഷകരും പിന്‍വാങ്ങണമെന്നാണ് പറയാനുള്ളത്. പി ടി 7 ഇപ്പോഴും ഡോക്ടര്‍മാരുടെ കര്‍ശനമായ നിരീക്ഷണത്തിലാണ്. എല്ലാവിധ പരിചരണങ്ങളും ആനയ്ക്ക് നല്‍കുന്നുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്’- മന്ത്രി പറഞ്ഞു.