കണ്ണൂർ: ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കൾ സ്വീകരണം നൽകി എന്ന രൂപത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ദുരുദ്ദേശപരവും പാർട്ടിയെ അപകീർത്തിപ്പെടുത്തുന്നതിനെ ലക്ഷ്യമിട്ടു കൊണ്ടുള്ളതുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയും പ്രസ്താവനയിൽ പറഞ്ഞു. “അബ്ദുള്ളക്കുട്ടിയുടെ ബന്ധുവായ കെ എം.സി.സി.നേതാവിന്റെ വസതിയിൽ ഇഫ്താറിൽ സംബന്ധിച്ച അബ്ദുള്ളക്കുട്ടിയോടൊപ്പം ചില ലീഗ് നേതാക്കളും കെ.എം.സി.സി.നേതാക്കളും പങ്കെടുത്തതിനെ ലീഗ് നേതാക്കൾ സ്വീകരണം നൽകി എന്ന വിധത്തിൽ മാധ്യമങ്ങൾ വാർത്തകൾ പടച്ചുവിടുകയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ഇപ്പോൾ സംഘപരിവാരത്തിന്റെ ദേശീയ നേതൃത്വത്തിലെത്തി ചേരുകയും ചെയ്ത അബ്ദുള്ളക്കുട്ടിയുമായി വ്യക്തമായ അകലം പാലിക്കുക എന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടാണ്. ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കണ്ണൂരിൽ പൗര സ്വീകരണം നൽകപ്പെട്ടപ്പോൾ അതിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുക്കാതിരുന്നതും അതുകൊണ്ടാണെന്നും” അവർ പറഞ്ഞു .”കുപ്പായം മാറുന്നത് പോലെ പാർട്ടി മാറുന്നയാളുമായുള്ള ചങ്ങാത്തം സൂക്ഷിച്ചു വേണമെന്ന കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലായിരുന്നു, സി.പി.എം വിട്ട കാലത്ത് അദ്ദേഹത്തിനെ മുസ്ലിം ലീഗിൽ ചേർക്കണമെന്ന ആവശ്യത്തോട് പാർട്ടി താല്പര്യം പ്രകടിപ്പിക്കാതിരുന്നത്.അബ്ദുള്ളക്കുട്ടിക്ക് ഇഫ്താർ വിരുന്ന് ഒരുക്കിയത് കുടുംബ ബന്ധത്തിന്റെ പേരിൽ കണ്ടാൽ മതി.എന്നാൽ അതിന് വേണ്ടി അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നതും അത്തരം ആഭാസങ്ങൾക്ക് കെ.എം.സി.സി. നേതാവ് നേതൃത്വം കൊടുത്തതും നീതീകരിക്കാനാവാത്തതാണ്. ഇത്തരം വിരുന്നുകളിലും പരിപാടികളിലും പങ്കെടുക്കുമ്പോൾ ലീഗ് നേതാക്കളും പ്രവർത്തകരും തികഞ്ഞ ജാഗ്രത പാലിക്കേണ്ടതായിരുന്നു.ഇക്കാര്യത്തിൽ ആർക്കെങ്കിലും തെറ്റുപറ്റിയെങ്കിൽ പാർട്ടി ആ കാര്യം ഗൗരവപൂർവ്വം പരിശോധിക്കുമെന്നും വിഷയം മുസ്ലിം ലീഗ് ദേശീയ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും” നേതാക്കൾ പറഞ്ഞു.