തളിപ്പറമ്ബ്: കരിമ്ബം ജില്ലാ കൃഷി ഫാമിനായി നിര്‍മിച്ച പുതിയ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെട്ടിടത്തില്‍ സൗകര്യ പരിമിതിയും കാലപ്പഴക്കത്താലുള്ള പ്രശ്നങ്ങളും കാരണം ജീവനക്കാര്‍ ദുരിതത്തിലായിരുന്നു.പഴയ കെട്ടിടമായതിനാല്‍ മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയും ഫാം ഓഫീസിലുണ്ടായിരുന്നു. പഴയ കെട്ടിടത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ സൗകര്യക്കുറവുള്ളതിനാലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.നാലുവര്‍ഷം മുമ്ബ് തുടങ്ങിയ കെട്ടിട നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയായെങ്കിലും സംസ്ഥാനപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നത് വൈകുകയായിരുന്നു.കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം അനുവദിച്ച 30 ലക്ഷം രൂപ ചെലവിലാണു പുതിയ ഓഫീസ് കോംപ്ലക്സ് നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടേക്ക് സംസ്ഥാന പാതയില്‍ നിന്ന് റോഡ് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫണ്ട് അനുവദിച്ചിരുന്നു.സംസ്ഥാന പാതയ്ക്ക് സ്ഥലം ഏറ്റെടുത്തതിനുശേഷം ഓഫീസിന്റെ കവാട നിര്‍മാണവും പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ ഇന്റര്‍ലോക്ക് പാകുകയും മറ്റു പ്രവൃത്തികളും പൂര്‍ത്തിയാക്കി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് അവസാനഘട്ട മിനുക്കുപണികള്‍ നടന്നുവരികയാണെന്നും ഫാം സൂപ്രണ്ട് സ്മിത ഹരിദാസ് പറഞ്ഞു.