പത്തനംതിട്ട തിരുവല്ലയിൽ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതി നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനം. സിപിഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസർ. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമടുത്തത്. സംഭവത്തിൽ പാർട്ടി തല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ചുമത്ര ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡി.വൈ.എഫ്.ഐ നേതാവ് നാസർ തുടങ്ങിയവർ മുഖ്യപ്രതികളായ കേസിൽ ഉൾപ്പെട്ട മറ്റു 10 പേരും സി.പി.എം പ്രവർത്തകരാണ്. സി.പി.എം പ്രാദേശിക പ്രവർത്തകനും കേസിലെ പതിനൊന്നാം പ്രതിയുമായ സജി ഇളണ്ണിൽ അറസ്റ്റിലായിരുന്നു. സി.പി.എം വനിതാ നേതാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോഴാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. പീഡന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം സജി ഇളമണ്ണിലാണ് അറസ്റ്റിലായത്. തിരുവല്ല കുറ്റപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്ത ഇയാളെ വിശദമായി ചോദ്യം ചെയ്യാനും മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. എന്നാൽ കേസിലെ മറ്റ് പ്രതികൾ ഒളിവിലാണന്നും ഇവർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നുമാണ് പൊലിസ് നൽകുന്ന വിശദീകരണം.