/
20 മിനിറ്റ് വായിച്ചു

കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ, വിധിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചാണ് ഉത്തരവിൽ പറയുന്നത്. 13 തവണയും പീഡനം നടന്നത് കോൺവെന്‍റിന്‍റെ ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിയ്ക്ക് വെന്റിലേഷൻ ഉണ്ട്, തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു.കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷൻ മൊഴികൾ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈൽ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളിൽ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വസമില്ലത്തത് കൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു.കന്യാസ്ത്രീ ചില കാര്യങ്ങൾ മനപൂ‍ർവം മറച്ചുവെച്ചു എന്ന് ഇതിൽ നിന്ന് വ്യക്തമെന്നും ഉത്തരവിൽ പറയുന്നു.

വിധി ന്യായത്തിലെ കൂടുതൽ വിശദാംശങ്ങൾ

ഇടയനൊപ്പം ഒരു ദിവസം എന്ന ജലന്ധർ രൂപതയുടെ പരിപാടി അവസാനിപ്പിക്കേണ്ടിവന്നത് ബിഷപ്പിന്‍റെ മോശം സ്വഭാവം കൊണ്ടാണെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ലെന്ന് കോടതി. തിരക്കുകൾ മൂലം ബിഷപ്പിന് ചടങ്ങിൽ പങ്കെടുക്കാനാകാതെ വന്നതോടെ ഇതിൽ പങ്കെടുക്കുന്ന കന്യാസ്ത്രിമാരുടെ എണ്ണത്തിലും കുറവുണ്ടായി. ജലന്ധർ രൂപത ഹാജരാക്കിയ രേഖകൾ ഇതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു.ബിഷപ്പിന് മോശം സ്വഭാവുമുണ്ടെന്ന് സ്ഥാപിക്കാൻ രണ്ട് സാക്ഷികളെയാണ് പ്രോസിക്യുഷൻ അവതരിപ്പിച്ചത്. ഇതിൽ ഒരാൾ കോടതിയിൽ ആരോപണം ഉന്നയിച്ചില്ല.ബിഷപ്പ് തന്‍റെ ചുമലിൽ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രീ മൊഴി നൽകിരുന്നു. ഈ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. ബിഷപ്പ് ചുമതലയേറ്റശേഷം 18 കന്യാസ്ത്രീകൾ മഠം വിട്ടെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. എന്നാൽ, അതൊന്നും ബിഷപ്പിന്‍റെ മോശം പെരുമാറ്റം കൊണ്ടോ ലൈംഗീക പീഡനം കൊണ്ടോ ആണെന്ന് തെളിവില്ലെന്നും കന്യാസ്ത്രീകൾ മഠം വിട്ടത് വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കോടതി വിധിയില്‍ പറയുന്നു.കന്യാസ്ത്രീയെ പീഡിപ്പിക്കുന്നതിനുവേണ്ടിയാണ് മഠത്തിന്‍റെ ഗസ്റ്റ്  ഹൗസിൽ ബിഷപ്പ് തുടർച്ചയായി വന്ന് താമസിച്ചത് എന്ന പ്രോസിക്യുഷൻ ആരോപണം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റുചില  ബിഷപ്പുമാരും ദിവസങ്ങളോളം കോൺവെന്റിനൽ താമസിച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് മറ്റ് കന്യാസ്ത്രീകൾ മൊഴി നൽകിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!