//
27 മിനിറ്റ് വായിച്ചു

ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും മത്സ്യ കൃഷിയിലേക്ക് :സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരം നേടി ദിനിൽ പ്രസാദ്

കണ്ണൂര്‍: ആറു വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച  ദിനില്‍ ജോലി രാജിവച്ച്‌ നാട്ടില്‍ മത്സ്യ കര്‍ഷകന്‍ ആയപ്പോള്‍ പലരും പലതും പറഞ്ഞു.എന്നാല്‍ മത്സ്യ കൃഷിയിലൂടെ മികച്ച വരുമാനവും വിജയവും കൈവരിച്ച പി.എം.ദിനില്‍ പ്രസാദിനെ മികച്ച മത്സ്യ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരവും തേടിയെത്തിയിരിക്കുകയാണ്. കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ 2012 ലാണ് കണ്ണൂര്‍ സ്വദേശിയായ ദിനില്‍ സൈന്യത്തില്‍ ചേര്‍ന്നത്. ആറു വര്‍ഷം ജോലി ചെയ്തതിന് ശേഷം ജോലി രാജിവച്ച്‌ ഇറങ്ങി. നല്ല ജലാശയങ്ങളും മഴയും കാലാവസ്ഥയുമൊക്കെ ലഭ്യമായ കേരളീയര്‍ കഴിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം എന്ന രീതിക്ക് ഒരു മാറ്റം വേണമെന്ന ചിന്തയില്‍ നിന്നാണ് കൂടു മത്സ്യകൃഷി ആരംഭിക്കുന്നത്.എറണാകുളം ജില്ലയിലെ പിഴലയില്‍ മത്സ്യ കൂട് കൃഷി ചെയ്യുന്ന വീഡിയോയാണ് ഇതിന് പ്രചോദനമായത്. കയ്യിലുള്ള സമ്ബാദ്യം മുടക്കി കൃഷി ആരംഭിച്ചു.സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും പൂര്‍ണ പിന്തുണയാണ് കൂട് കൃഷിക്ക് നല്‍കിയത്. ആദ്യ ശ്രമത്തെ പ്രളയം തകര്‍ത്തുവെങ്കിലും ലോണ്‍ എടുത്ത് വീണ്ടും കൃഷി ചെയ്തു. സ്ഥിരവരുമാനത്തിനായി ഓട്ടോറിക്ഷത്തൊഴിലാളിയായി. പരാജയങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അടുത്ത തവണ ദിനില്‍ വിജയിച്ചു.

ഇന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ കൂട് കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിനില്‍ വിത്ത്, കൂട് അടക്കമുള്ള സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. സര്‍ക്കാരിന്റെ സബ്‌സിഡിയും മറ്റ് സഹകരണും ലഭിക്കുമെന്നുള്ളത് കൊണ്ട് മത്സ്യകൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കേണ്ടെന്ന് ദിനില്‍ പറയുന്നു. വിദേശത്തേക്ക് കയറ്റി അയക്കുന്നത് പോലുള്ള വിപണി കൂടി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ദിനില്‍.വിവിധ തൊഴില്‍ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ‘തൊഴില്‍ശ്രേഷ്ഠ’ പുരസ്‌കാരം നല്‍കുന്നത്.മത്സ്യമേഖലയിലെ മികവിനാണ് ദിനിലിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആര്‍ഐ) പിന്തുണയാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ കൂട്മത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കാന്‍ 28കാരനായ ദിനിലിന് സാധിച്ചത്. അഞ്ചരക്കണ്ടി പുഴയില്‍ ഏഴ് കൂടുകളിലായി 7000 കരിമീന്‍ കുഞ്ഞുങ്ങളെ ഇപ്പോള്‍ കൃഷി ചെയ്ത് വരുന്നുണ്ട്.ആഭ്യന്തര മത്സ്യോല്‍പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തില്‍ 500 കൂടുമത്സ്യകൃഷി യൂണിറ്റുകള്‍ക്ക് സിഎംഎഫ്‌ആര്‍ഐ തുടക്കമിട്ടപ്പോള്‍ ആദ്യ മത്സ്യക്കൂട് ലഭിച്ചത് ദിനില്‍ പ്രസാദിനായിരുന്നു.നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്ബത്തിക സഹായത്തോടെ സബ്സിഡി നല്‍കിയാണ് പദ്ധതി തുടങ്ങിയത്.

സിഎംഎഫ്‌ആര്‍ഐയുടെ സാങ്കേതിക പരിശീലനവും മേല്‍നോട്ടവും ലഭിച്ചതോടെ മൂന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കൂട്മത്സ്യകൃഷിയില്‍ വന്‍നേട്ടം സ്വന്തമാക്കാനായതാണ് ദിനിലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കരിമീന്‍ കൃഷിക്കൊപ്പം കരിമീന്‍ വിത്തുല്‍പാദനവും കല്ലുമ്മക്കായ കൃഷിയുമുണ്ട്. കൂടാതെ, കൂടുമത്സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാങ്കേതിക സഹായവും ദിനില്‍ നല്‍കി വരുന്നുണ്ട്. നാല് മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള ഓരോ കൂടില്‍ നിന്നും ശരാശരി 150 കിലോ കരിമീനാണ് ഒരു വര്‍ഷം വിളവെടുക്കുന്നത്. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷിയൂണിറ്റുകള്‍ മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നുണ്ട്.കോവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാന്‍ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങള്‍ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനില്‍ പറഞ്ഞു. എന്നാല്‍ സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയില്‍ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.സര്‍ക്കാറുകളില്‍ നിന്ന മതിയായ സഹകരണം ലഭിക്കുകയാണെങ്കില്‍ മത്സ്യകൃഷിരംഗത്ത് അടുത്ത 10 വര്‍ഷംകൊണ്ട് തന്നെ കേരളത്തെ ഒരു ‘ഗള്‍ഫ്’ ആക്കി മാറ്റാമെന്ന് ദിനില്‍ പറഞ്ഞു. നദികളും കായലുകളുമുള്‍പ്പെടെ ജലാശയ സമ്ബുഷ്ടമായ സംസ്ഥാനത്ത് കൂടുമത്സ്യകൃഷിക്ക് അത്രത്തോളം സാധ്യതകളുണ്ട്. തന്റെ വിജയത്തിന് ഓരോ ഘട്ടത്തിലും സിഎംഎഫ്‌ആര്‍ഐയുടെ സഹായം വലിയ തോതില്‍ പ്രയോജനകരമായെന്നും ദിനില്‍ പ്രസാദ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!