കണ്ണൂർ: ജില്ലയിൽ ഉപ്പിലിട്ട പഴം-പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടങ്ങി. രണ്ട് മേഖലാ സ്ക്വാഡുകൾ രൂപവത്‌കരിച്ചാണ് പരിശോധന.വിനോദസഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലുമാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ആദ്യദിനം 27 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 14 കടകൾക്ക് നോട്ടിസ് നൽകി.കടകളുടെ ലൈസൻസ്, റജിസ്ട്രേഷൻ, ശുചിത്വം, സൗകര്യം എന്നിവയും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവുമാണ് പരിശോധിക്കുന്നത്. പരിശോധനയ്ക്കായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇവ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിലേക്ക് അയയ്ക്കും. കോഴിക്കോട്ട് തട്ടുകടയിൽനിന്ന് വെള്ളമെന്ന് കരുതി രാസദ്രാവകം കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന.നഗരത്തിലെ പല സ്കൂളുകളുടെയും പരിസരത്ത് ഉപ്പിലിട്ട പഴം-പച്ചക്കറി വിൽപ്പന നടക്കുന്നുണ്ട്. അതേസമയം എവിടെനിന്നും പരാതികളുണ്ടായിട്ടില്ല. മാങ്ങ, നെല്ലിക്ക, പേരക്ക, ബീറ്റ്‌റൂട്ട്, കാരറ്റ്, കൈതച്ചക്ക, ചൗചൗ, കക്കിരി തുടങ്ങിയവയാണ് ഉപ്പിലിട്ട് നൽകുന്നത്. അതിനുപുറമെ ചില കടകളിൽ ‘കെച്ചപ്പ്’ എന്ന ഒരിനം കൂട്ടും കുട്ടികൾ വാങ്ങിക്കഴിക്കുന്നുണ്ട്. പുളിയും പച്ചമുളകും ഉപ്പും ചേർത്തരച്ച് കക്കിരിയിൽവെച്ച് നൽകുന്ന കെച്ചപ്പിന് ആവശ്യക്കാർ ഏറെയാണ്.