/
14 മിനിറ്റ് വായിച്ചു

കേരള കേന്ദ്ര സർവകലാശാലയില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് തുടക്കമായി

സാങ്കേതിക വിദ്യയുടെ മാത്രമല്ല, സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ക്ക് ശാസ്ത്രം കാരണമായിത്തീരുന്നുണ്ടെന്ന് യു.എസ്.എയിലെ റൈസ് യൂനിവേഴ്സിറ്റി പ്രഫ.അജയന്‍ പുളിക്കല്‍. കേരള കേന്ദ്ര സർവകലാശാലയില്‍ ഫങ്ഷനല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി എന്ന വിഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര മേഖലയുടെ മുന്നേറ്റത്തില്‍ നിരവധി അണ്‍ സംഗ് ഹീറോകളുടെ പ്രയത്‌നവും സംഭാവനയുമുണ്ട്. പരീക്ഷണശാലകളില്‍ ജീവിതം സമര്‍പ്പിക്കപ്പെട്ട വാഴ്ത്തപ്പെടാത്ത ഇത്തരം നായകരുടെ കഠിനാധ്വാനം ശാസ്ത്ര മുന്നേറ്റത്തില്‍ പ്രധാനമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ബന്‍ നാനോ ട്യൂബ് സംബന്ധമായ ഗവേഷണത്തില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ നേടിയിട്ടുള്ള അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശസ്തനായ മലയാളി കൂടിയാണ് പ്രൊഫ. അജയന്‍ പുളിക്കല്‍. നാനോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ വികാസത്തിലൂടെ തലച്ചോറിലെ ക്ഷതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക്പരിഹാരം കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഫിസിക്സ് ഡിപാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സ് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുള്ള കോണ്‍ഫറന്‍സുകള്‍ കൂടുതലായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രഫ.വിന്‍സെന്റ് മാത്യു, പ്രഫ.കെ.ജെ. തോമസ്, പ്രഫ.സ്വപ്ന എസ്. നായര്‍, പ്രഫ.രാജേന്ദ്ര പിലാങ്കട്ട, പ്രഫ.എ. ശക്തിവേല്‍ എന്നിവര്‍ സംസാരിച്ചു. പ്രഫ. അജയന്‍ പുളിക്കലിനെ വൈസ് ചാന്‍സലര്‍ ആദരിച്ചു. വിവിധ സെഷനുകളില്‍ പ്രഫ.റെജി ഫിലിപ്പ് (ആർ.ആർ.ഐ, ബംഗളുരു), ഡോ.സുചന്ദ് സന്ദീപ് സി.എസ് (എൻ.ടി.യു സിംഗപ്പൂര്‍), ഡോ.സിനോയ് തോമസ് (കുസാറ്റ്, കേരള), ഇഗോര്‍ ദികിന്‍ (പോര്‍ച്ചുഗല്‍), പ്രഫ.മധു തോമസ് (എത്യോപ്യ), പ്രഫ.അതകില്‍ത് അബേബെ (എത്യോപ്യ), സുജിത്ത് കുമാര്‍ ദോറ (നാനോസര്‍ഫ്, ഇന്ത്യ) തുടങ്ങിയവര്‍ സംസാരിച്ചു. നാനോ ടെക്നോളജിയുടെ സാധ്യതകള്‍ സംബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ, അന്തര്‍ദ്ദേശീയ തലത്തില്‍ വിഖ്യാതരായ 24 ശാസ്ത്രജ്ഞന്മാര്‍ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. മെറ്റീരിയല്‍സ് സയന്‍സ് മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച് സമാന്തര സെഷനും നടക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!