മലയാളി ബോളിവുഡ് ഗായകന് കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം.സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന കെ കെയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. കെ കെയുടെ മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ പരിക്കുകള്‍ സംബന്ധിച്ച് വ്യക്തത വരും. ഗ്രാന്‍ഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.ഇതിന് പുറമേ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും പരിപാടിയുടെ സംഘാടകരില്‍ നിന്നും വിവരങ്ങള്‍ തേടും.53 വയസ്സുകാരനായ കെകെ കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷ വിയോഗം. ഉടന്‍ തന്നെ കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മലയാളി ദമ്പതികളായ സിഎസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത്, വളര്‍ന്നതും ന്യൂഡല്‍ഹിയില്‍ തന്നെയാണ്. 3500ഓളം ജിംഗിളുകള്‍ പാടിയ ശേഷമാണ് കെ കെ ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നെ ഭാഷകളിലെ സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.