കൊല്‍ക്കത്ത> റീല്‍സ് ചെയ്യുന്നതിന് പുതിയ മൊബൈല്‍ വാങ്ങാനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികള്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് ഞെട്ടിക്കുന്ന സംഭവം.
ഐ ഫോണ്‍ വാങ്ങുന്നതിന് വേണ്ടിയായിരുന്നു കുഞ്ഞിനെ വിറ്റത്. വില കൂടിയ ഫോണ്‍ വാങ്ങി റീല്‍സ് ചെയ്യുക എന്നതായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ജയദേവ്-സതി എന്നിവരാണ് ക്രൂരത ചെയ്തത്. എട്ട് മാസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച കാണാതാവുകയും ഉടനടി പുതിയ മൊബൈല്‍ ഇവരുടെ കയ്യില്‍ കാണപ്പെടുകയുമായിരുന്നു.
പനിഹാട്ടി ഗാന്ധിനഗര്‍ പ്രദേശത്ത് താമസിക്കുന്ന ദമ്പതികള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പോലും സാമ്പത്തിക സ്ഥിതിയില്ലായിരുന്നു. പെട്ടെന്നായിരുന്നു വിലകൂടിയ ഐഫോണ്‍ അവര്‍ വാങ്ങുകയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ചെന്ന് റീല്‍സ് ചെയ്യുകയും ചെയ്തത്.ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരെയും തുടര്‍ന്ന് ചോദ്യം ചെയ്യുകയായിരുന്നു
പണത്തിനായി മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റുവെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കര്‍ദാഹ് പ്രദേശത്ത് വച്ച് കുട്ടിയെ പൊലീസ് പിന്നീട് ഒരു സ്ത്രീയില്‍ നിന്നും കണ്ടെത്തി. കുട്ടിയെ വിറ്റതായി പൊലീസിനോട് ദമ്പതികള്‍ ഏറ്റുപറഞ്ഞു
‘എട്ട് മാസമായ ആണ്‍കുഞ്ഞിനെ വിറ്റ ശേഷം ഏഴ് വയസുള്ള പെണ്‍കുട്ടിയേയും അന്നേ ദിവസം തന്നെ വില്‍ക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് മനസിലാക്കിയ പ്രദേശവസികള്‍ ഉടന്‍ പൊലീസിനെ വിളിക്കുകയായിരുന്നു’ -തരക് ഗുഹ ലോക്കല്‍ കൗണ്‍സിലര്‍ ജയദേവ് പറഞ്ഞു.
കുഞ്ഞിനെ വാങ്ങിയ പ്രിയങ്ക എന്ന യുവതിയേയും പിടികൂടി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.