കണ്ണൂര്‍: ടേസ്റ്റി ഹട്ട് എന്ന പേരില്‍ കോര്‍പ്പറേഷന്‍ ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൊളിച്ചുമാറ്റിയതിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ വരുന്ന സമരത്തില്‍ നാടകീയ രംഗങ്ങള്‍. മേയര്‍ ടി ഒ മോഹനനെ ഓഫീസിന് മുന്നില്‍ തടഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടയിലൂടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച മേയറുടെ ഉടുമുണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വലിച്ചൂരാന്‍ ശ്രമിച്ചെന്നും ആരോപണവുമുണ്ട്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം.അപമാനിക്കാനും ദേഹോപദ്രവമേല്‍പ്പിക്കാനും ശ്രമിച്ചതിന് മേയര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും രണ്ടു പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് പരാതി നല്‍കി. ബലപ്രയോഗത്തില്‍ പരിക്കേറ്റ കുടുംബശ്രീ പ്രവര്‍ത്തകരായ എന്‍ കെ ശ്രീജ, ആര്‍ പ്രസീത, എ പി രമണി, കെ കമലാക്ഷി, എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.മേയറെ തടഞ്ഞതിന് 18 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. പുതിയ ഹോട്ടല്‍ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചത്. എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ ജീവിതമാര്‍ഗം വഴിമുട്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്തി വരുന്നത്. ഓഫീസ് പരിസരത്തെത്തിയ മേയര്‍ പ്രതിഷേധം കണ്ട് പത്ത് മിനിറ്റോളം പുറത്ത് കാത്ത് നിന്നിരുന്നു. സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ അകത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴാണു വാതിലിനു മുന്നില്‍ ഇരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്ന സമരക്കാര്‍ മേയറുടെ ഉടുമുണ്ട് വലിച്ചഴിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.