/
13 മിനിറ്റ് വായിച്ചു

മുടി മുറിക്കാന്‍ പോയ പതിനാറുകാരനെ കാണാതായിട്ട് രണ്ടാഴ്ച

കണ്ണൂർ | നൂറ് രൂപയും കയ്യിൽ പിടിച്ച് വീടിന് തൊട്ടടുത്തുള്ള കടയിൽ മുടി മുറിക്കാൻ പോയതാണ് പതിനാറുകാരനായ മുഹമ്മദ് ഷെസിൻ. ദിവസം പതിനഞ്ച് കഴിഞ്ഞു, ഇതുവരെ അവൻ തിരിച്ച് വന്നിട്ടില്ല. ഈ മാസം 16-ന് രാവിലെ പതിനൊന്ന് മണിയോടെ കുഞ്ഞിപ്പള്ളി ​ഗായത്രി ടാക്കീസിന് സമീപത്തെ വീട്ടിൽ നിന്നാണ് ഷെസിൻ മുടി മുറിക്കാൻ പോയത്.

വീ‍ട്ടിൽ നിന്ന് നടന്നാൽ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കാണ് ഷെസിൻ പോയത്. ഉച്ച കഴിഞ്ഞിട്ടും മകൻ തിരിച്ച് വരാതായതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി. സുഹൃത്തുക്കളുടെ വീടുകളിൽ ചെന്നിട്ടില്ല, മുടി വെട്ടുന്ന കടയിലും എത്തിയിട്ടില്ല. അന്ന് വൈകുന്നേരം തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി.

കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് മുഹമ്മദ് ഷെസിൻ. പുതിയ സ്കൂളിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അധികം കൂട്ടുകാരില്ല, വീട്ടിൽ നിന്ന് ഇതിന് മുമ്പ് പറയാതെ എങ്ങും പോയിട്ടില്ല. വീട്ടിൽ നിന്ന് അധികം പുറത്ത് പോകുന്ന ശീലവും ഇല്ല. പിന്നെ മകന് എന്ത് സംഭവിച്ചു എന്ന ആധിയിൽ കഴിയുകയാണ് ഷെസിന്റെ കുടുംബം.

മകനെ കാണാതായ വിവരം അറിഞ്ഞ് നാട്ടിൽ എത്തിയതാണ് പ്രവാസിയായ പിതാവ് നിസാർ. മകനെ കാണാതായതിൽ പിന്നെ രാത്രി പോലും വീടിന്റെ ​ഗേറ്റ് അടക്കാറില്ലെന്ന് പറയുമ്പോൾ പിതാവ് നിസാറിന്റെ ശബ്ദത്തിൽ ഇടർച്ച. മകൻ രാത്രിയെങ്ങാനും കയറി വന്നാലോ എന്ന പ്രതീക്ഷയോടെ ആണ് നിസാർ കാത്തിരിക്കുന്നത്.

ഫോണിൽ ​ഗെയിം കളിക്കുകയായിരുന്ന മകനെ നിനക്ക് മുടിയൊന്ന് വെട്ടിക്കൂടെ എന്ന് ചോദിച്ച് പണം കൊടുത്ത് പറഞ്ഞ് വിട്ടതാണ് ഷെസിന്റെ മാതാവ് ഷെസീറ. മകനെ കിട്ടിയോ എന്ന ഒരു ചോദ്യം മാത്രമേ ഷെസീറക്ക് ഇപ്പോൾ ചോദിക്കാനുള്ളൂ.
ഇക്കാക്ക എവിടെ പോയി എന്ന് ഷെസിന്റെ സ​ഹോദരിമാരായ ഫാത്തിമയും സഫയും ചോദിക്കുന്നുണ്ട്. കേക്ക് വാങ്ങാൻ പോയി ഇപ്പോൾ വരുമെന്ന് പറഞ്ഞു കുറേ ദിവസം. നാലും അഞ്ചും വയസ്സുള്ള കുട്ടികൾക്കും ഇപ്പോൾ തോന്നി തുടങ്ങി ഇക്കാക്കയെ കാണുന്നില്ലെന്ന്. ഇക്കാക്ക എന്താ വരാത്തത് എന്ന് വരും എന്നൊക്കെ അവർ ഇപ്പോൾ ചോദിക്കുന്നുണ്ട്.
സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് എടുത്ത് അന്വേഷണം തുടരുന്നുണ്ട് എങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!