കണ്ണൂർ: സിപിഎം സംഘടിപ്പിച്ച കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസ് ഒഴിവാക്കി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ പ്രതികൾക്കെതിരായ വധശ്രമ കേസാണ് പൊലീസ് ഒഴിവാക്കിയത്.കൂട്ടം ചേർന്ന് കൈകൊണ്ട് മർദിച്ചതിനടക്കമുള്ള വകുപ്പുകൾ നിലനിർത്തി കോടതിയിൽ റിപ്പോർട്ട് നൽകി.മന്ത്രി എംവി ഗോവിന്ദന്റെ പേഴ്സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ ഉൾപെടെ ആറ് പേർക്കെതിരെയായിരുന്നു കേസ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരാണ് കേസിലെ മറ്റു പ്രതികൾ. വധശ്രമ വകുപ്പ് ഉൾപെടുത്താവുന്ന തരത്തിലുള്ള ആക്രമണം നടന്നില്ലെന്നാണ് കണ്ണൂർ ടൗൺ പൊലീസ് ഇപ്പോൾ പറയുന്നത്.കഴിഞ്ഞ ഇരുപതാം തീയതിയാണ് കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യോഗ സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം അനുകൂലികളും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. സംഘര്‍ഷത്തിനിടെ റിജിൽ മാക്കുറ്റിയടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനമേറ്റു. സംഘര്‍ഷത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റിജിലിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂത്തുകോണ്‍ഗ്രസ് പരാതിയിലാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.