കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്.ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം. ഉടന്‍ തന്നെ കാറില്‍ കോടതിയുടെ പുറത്തേക്ക് പോവുകയും ചെയ്തു. മൂന്നുവര്‍ഷം നീണ്ടുനിന്ന കേസിന്‍റെ വിധി കേള്‍ക്കാനായി രാവിലെ തന്നെ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയിരുന്നു. പിന്‍വാതില്‍ വഴിയാണ് അദ്ദേഹം കോടതിയില്‍ പ്രവേശിച്ചത്. വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഒരുക്കിയത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയത്. വിചാരണക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു.