കോഴിക്കോട്: ബലി പെരുന്നാൾ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലൈ 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ മദനിയാണ് അറിയിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാൾ.
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ഇന്നലെ ദൃശ്യമായിരുന്നു. ഇതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായത്. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്.
ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്നലെ (ജൂണ്‍ – 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം ഇന്ന് (ജൂണ്‍ – 30) തുടങ്ങുകയും ചെയ്യ്തു. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്‍തിരുന്നു.
യുഎഇയില്‍ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി ലഭിച്ചേക്കും. ജൂലൈ എട്ട് മുതല്‍ 11 വരെ രാജ്യത്തെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്നാണ് സൂചന. സൗദി അറേബ്യയിലെ ബാങ്കുകൾക്കും ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും.