കണ്ണൂര്‍: മോദിക്കും ബിജെപിക്കുമെതിരെ നിര്‍ഭയമായി പോരാട്ടം നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹാഥ് സെ ഹാഥ് അഭിയാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനാല്‍ നമ്മള്‍ തെരുവിലാണ്. രാജ്യത്ത് ഫാസിസം നടപ്പിലാക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയും സംസ്ഥാനത്ത് രാഷ്ട്രീയ ഫാസിസം നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെയും നാം പോരാട്ടം നടത്തുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്. പാര്‍ലമെന്റില്‍ പോലും ഒന്നും പറയാന്‍ അനുവദിക്കുന്നില്ല. മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പാര്‍ലമെന്റിന്റെ രേഖയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. രാഹുല്‍ ഗാന്ധി നടത്തിയ ചരിത്ര പ്രാധാന്യമുള്ള വാക്കുകള്‍ ഒരു ദിവസം മുഴുവനും സോഷ്യല്‍ മീഡിയകളിലും മറ്റും പരന്ന് ജനശ്രദ്ധനേടിയത് കണ്ടാണ് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ നീക്കം ചെയ്തത്. അതുപോലെ രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വാക്കുകളും രേഖകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്നും കെ സി പറഞ്ഞു.
പാര്‍ലമെന്റില്‍ ചര്‍ച്ചകളും സംവാദങ്ങളും പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ ആ ചര്‍ച്ചക്ക് പോലും പാര്‍ലമെന്റ് അനുവദിക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഏറ്റ കടുത്ത ആഘാതമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഒമ്പത് വര്‍ഷക്കാലം മോദിയുടെ സഹായം കിട്ടിയത് അദാനിക്ക് മാത്രമാണ്. രാജ്യത്തെ കര്‍ഷകര്‍ക്കൊ, തൊഴിലാളികള്‍ക്കോ തൊഴില്‍ തേടുന്ന യുവാക്കള്‍ക്കോ സഹായം കിട്ടിയില്ല. എല്ലാം അദാനിക്ക് മാത്രം. അദാനിക്ക് വേണ്ടി രാജ്യത്തിന്റെ പണം ദുരുപയോഗം ചെയ്യുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസുകളോടെയാണ് അദാനി വഴിവിട്ട് ആനുകൂല്യങ്ങള്‍ നേടിയതെന്നും കെ സി പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അത് പുച്ഛിച്ച് തള്ളിയവര്‍ക്ക് കാലം വൈകാതെ തന്നെ തെളിയിച്ച് കൊടുത്തിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ അമരക്കാരനായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ഗാന്ധിയോടൊപ്പം യാത്രചെയ്യുകയും യാത്ര ഏകോപിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത കെ സി വേണുഗോപാലിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ ഉപഹാരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി സമ്മാനിച്ചു. അതോടൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഭാരത് ജോഡോയുടെ വരവ് അറിയിച്ച കണ്ണൂര്‍ ജില്ലയിലെ നടുവില്‍ സര്‍ഗ്ഗധാര ബാന്റ് വാദ്യ സംഘത്തെയും ചടങ്ങില്‍ ആദരിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, പി എം നിയാസ്,മേയര്‍ അഡ്വ. ടി ഒ മോഹനന്‍, സജീവ് ജോസഫ് എംഎല്‍എ, വി എ നാരായണന്‍, സജീവ് മാറോളി,പി ടി മാത്യു, ചന്ദ്രന്‍ തില്ലങ്കേരി,കെ സി മുഹമ്മദ് ഫൈസല്‍, ഷമാമുഹമ്മദ്, എന്‍ പി ശ്രീധരന്‍,എം നാരായണൻ കുട്ടി , മുഹമ്മദ് ബ്ലാത്തൂര്‍, വിവി പുരുഷോത്തമന്‍,ടി ജനാർദ്ദനൻ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.