തുടക്കം മുതല്‍ വിവാദത്തിലായ സില്‍വര്‍ലൈന്‍ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കണ്ണൂര്‍ മുഴപ്പിലങ്ങാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് ഉദ്യോഗസ്ഥരും എന്ത് വന്നാലും പ്രതിഷേധിക്കുമെന്ന് നാട്ടുകാരും വ്യക്തമാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടാകുകയായിരുന്നു. പ്രതിഷേധിച്ചവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.മുന്നറിയിപ്പില്ലാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടലിനെത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വീട്ടുമുറ്റത്തെ കല്ലിടലിനെതിരെ പ്രതിഷേധിച്ച വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കല്ലിടല്‍ നടപടി തുടര്‍ന്നതിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.കല്ലിടല്‍ അനുവദിക്കില്ലെന്നും സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്നുമാണ് നാട്ടുകാര്‍ വ്യക്തമാക്കിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും നല്‍കാതെ വീട്ടുമുറ്റത്ത് കല്ലുനാട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പെങ്കിലും തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമായിരുന്നു. നിലവില്‍ ഇത് സര്‍ക്കാരിന്റെ സ്ഥലമല്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്. വീട്ടിലെ അംഗങ്ങള്‍ ഉറക്കമുണരുന്ന സമയത്ത് വന്ന് മുന്നറിയിപ്പ് ഇല്ലാതെ കല്ലുനാട്ടി സമാധാനം തകര്‍ക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വീട്ട്മുറ്റത്ത് നിന്നും വീട്ടുടമയെ കരുതല്‍ തടങ്കലിലാക്കി കല്ലുനാട്ടിയിട്ട് പോകുന്നത് മര്യാദയല്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.