കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ. പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും. ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎമ്മിനെ ഈ നിലപാട് അറിയിക്കുമെന്നും സിപിഐ വ്യക്തമാക്കി.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചില പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. സിപിഐഎമ്മിനെ നിലപാടറിയിക്കാനുള്ള തീരുമാനം സിപിഐയിലെ ഉള്‍പാര്‍ട്ടി സമ്മര്‍ദം മൂലമെന്നാണ് സൂചന. രൂപരേഖ പുറത്തുവിടുന്നത് വരെ പദ്ധതിയെ പരസ്യമായി തള്ളേണ്ടെന്നാണ് സിപിഐ തീരുമാനം.നേരത്തെ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നായിരുന്നു ആരോപണം.
അതേസമയം കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം രംഗത്തെത്തി. എപ്പോഴും പുതിയ പദ്ധതികള്‍ ഉണ്ടാകുമ്പോള്‍ ചിലര്‍ അതിനെ എതിര്‍ക്കാന്‍ രംഗത്തെത്താറുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന റെയില്‍വേ പദ്ധതിയാണ് കാസര്‍ഗോഡ് തിരുവനന്തപുരം അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈന്‍. നിലവിലെ തീവണ്ടി യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമുണ്ടാക്കുന്നതിനും സംസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമാണ് സില്‍വര്‍ ലൈന്‍ ആവിഷ്കരിച്ചിരിക്കുന്നത്. പതിനൊന്ന് സ്റ്റേഷനുകളാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ളത്.