വിവാദമായ തെക്ക്- വടക്ക് പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘അഭിമുഖത്തിനിടെ പറഞ്ഞ തെക്കന്‍ കേരളത്തിന്റെ കഥ മലബാറിലുള്ള ഒരു പഴയ കഥയാണ്. എല്ലാവരും പറയുന്ന കഥയാണ്, അത് ആവര്‍ത്തിച്ചു എന്ന് മാത്രം. അതിന് പിന്നില്‍ ആരെയെങ്കിലും മോശക്കാരാക്കാനോ തെക്ക് വടക്ക് വേര്‍തിരിക്കാനോ യാതൊരു ഉദ്ദേശവും ഇല്ല.
ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ലക്ഷ്യം വെച്ച് പറഞ്ഞതല്ല. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തത്. അതിന് പിന്നില്‍ വേറെ ഒരു ഉദ്ദേശവും ഇല്ല. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു’, സുധാകരന്‍ പറഞ്ഞു.
അഭിമുഖത്തില്‍ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം സംഘടനാ രംഗത്ത് പുതുമുഖമാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലേയും വടക്കന്‍ കേരളത്തിലേയും രാഷ്ട്രീയക്കാര്‍ തമ്മിലുളള വ്യത്യാസം എന്താണ് എന്ന ചോദ്യത്തോടായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. തെക്കന്‍ കേരളത്തിലേയും വടക്കന്‍ കേരളത്തിലേയും രാഷ്ട്രീയക്കാര്‍ തമ്മിലുളള വ്യത്യാസം പറയാന്‍ അദ്ദേഹം രാമന്റെയും സീതയുടേയും കഥയാണ് ഉദ്ധരിച്ചത്.
‘താന്‍ ഒരു കഥ പറയാം. രാവണനെ കൊലപ്പെടുത്തി ലങ്കയില്‍ നിന്നും രാമനും, ലക്ഷ്മണനും, സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുകയായിരുന്നു. പുഷ്പക വിമാനം കേരളത്തിന്റെ തെക്കന്‍ ഭാഗത്തിന് മുകളിലൂടെ പോകുമ്പോള്‍ ലക്ഷ്മണന് രാമനെ വിമാനത്തില്‍ നിന്നും തള്ളിയിട്ട് സീതയെയും കൊണ്ട് കടന്നുകളയാന്‍ ചിന്ത വന്നു.
എന്നാല്‍ തൃശ്ശൂരിന് മുകളില്‍ എത്തിയപ്പോള്‍ ലക്ഷ്മണന് ആ ചിന്ത ഇല്ലാതായി. ലക്ഷ്മണന് പശ്ചാത്താപം തോന്നി. അപ്പോള്‍ രാമന്‍ അനുജന്റെ തോളില്‍ പിടിച്ച് പറഞ്ഞു. ഞാന്‍ നിന്റെ മനസ് വായിച്ചു. അത്തരം ആലോചന നിന്റെ തെറ്റ് അല്ല, അത് നമ്മള്‍ സഞ്ചരിച്ച് വന്ന മണ്ണിന്റെ പ്രശ്‌നമാണ്.
‘ ഈ കഥയാണ് തെക്കന്‍ കേരളത്തിലെ നേതാക്കളും വടക്കന്‍ കേരളത്തിലെ നേതാക്കളും തമ്മിലുളള വ്യത്യാസത്തെ കുറിച്ച് പറയാന്‍ കെ സുധാകരന്‍ ഉദ്ധരിച്ചത്. വടക്കന്‍ കേരളത്തിലെ നേതാക്കള്‍ ധൈര്യശാലികളും സത്യസന്ധരുമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.