കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധം. സിവി വര്‍ഗീസിന് എതിരെ ഡിജിപിക്ക് പരാതിയുള്‍പ്പെടെ നല്‍കി പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടെ ഇടുക്കി ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് കോണ്‍ഗ്രസ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്ത് എത്തി. സിപിഐഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നായിരുന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ പ്രതികകരണം. കേരളത്തിലെ സിപിഐഎം നേതാക്കള്‍ ഒന്നിച്ച് വിചാരിച്ചാല്‍ പോലും കെ സുധാകരന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല. കൊള്ളയും കൊലയും കൈമുതലാക്കിയ ജയരാജനും, സിപിഐഎമ്മിനും സുധാകരനെ തൊടാന്‍ കഴിഞ്ഞിട്ടില്ല, പിന്നയല്ലെ പീറ ജില്ലാ സെക്രട്ടറിയെന്നും മാര്‍ട്ടിന്‍ പരിഹസിച്ചു. അതിനിടെ, കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗ്ഗീസിനെതിരെ ഡിജിപിക്ക് പരാതി. കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്താണ് പരാതി നല്‍കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ സി.വി വര്‍ഗ്ഗീസിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം.സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഷിഹാബുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. കെ സുധാകരന്റെ ജീവന്‍ സിപിഐഎം നല്‍കിയ ഭിക്ഷയാണെന്ന പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെ സുധാകരന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും വിഡി സതീശന്‍ വയനാട്ടില്‍ പ്രതികരിച്ചു. കെ സുധാകരനെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുധാകരന്‍ കെ പി സി സി യുടെ പ്രസിഡന്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്.ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി പി എം അധ:പതിച്ചിരിക്കുന്നു. കൊലപതകരാഷ്ടീയത്തിന്റെ വക്താക്കളാണു സി പി എം യെന്നു തെളിയിക്കുന്നതാണു ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും ചെന്നിത്തല പറഞ്ഞു. കെ.സുധാകരനെ വധിക്കാന്‍ നിരന്തരം ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത സിപിഐഎം, ഇപ്പോള്‍ അക്കാര്യം പരസ്യമായ് വെളിപ്പെടുത്തിയിരിക്കയാണെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.എന്നാല്‍, പ്രകോപന പ്രസംഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രകോപനവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. കൊല്ലപ്പെട്ട ധീരജീന്റെ ചോര ഉണങ്ങും മുന്‍പ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചു. ഇതിന് മറുപടി എന്ന നിലയിലാണ് തന്റെ പരാമര്‍ശമെന്നും സി വി വര്‍ഗീസ് തിരുവനന്തപുരത്ത് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം:സിവി വര്‍ഗീസിന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റിന്റെ പരിഹാസം
Image Slide 3
Image Slide 3