കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ. തടിയന്റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴ് വര്‍ഷവും താജുദ്ദീന്‍ എന്ന പ്രതിക്ക് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ബസ് കത്തിച്ചത്.2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിചാരണ പൂര്‍ത്തിയാക്കാതെയാണ് മൂന്ന് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. നിലവിലെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കാന്‍ സാധ്യതയുണ്ട്. അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ ഭാര്യ സൂഫിയ മഅദ്‌നി ഉള്‍പ്പെടെ കേസില്‍ 13 പ്രതികളുണ്ട്. കേസിലെ അഞ്ചാം പ്രതി അനൂപ് കുറ്റ സമ്മതം നടത്തിയതിനെ തുടര്‍ന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
കുറ്റം സമ്മതിക്കാത്ത മറ്റ് പ്രതികളുടെ വിചാരണ ഉടന്‍ ആരംഭിക്കും. 2005 സെപ്തംബര്‍ 9ന് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പ്രതികള്‍ കത്തിച്ചത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.