അന്തിക്കാട്
ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്. പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്ക് സമീപമാണ് റോഡിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്.
സ്കൂളുകളിലേക്ക് വരുന്ന വിദ്യാർഥികളാണ് ഇതുമൂലം ഏറെ വലയുന്നത്. മുൻകാലത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇട ത്തോടുകളിലൂടെയാണ് മഴവെള്ളം ഒഴുകിപ്പോയിരുന്നത്. കല്ലിടവഴി പ്രദേശത്തുനിന്നുള്ള വെള്ളം പടിയത്തുള്ള ഇറിഗേഷൻ കനാലിലെത്തും. ഇവിടെ നിന്ന് ശ്രീരാമൻചിറ വഴി കനോലി കനാലിലേക്കാണ് അധികജലം ഒഴുകിയെത്തുന്നത്.
എന്നാൽ സ്വകാര്യ വ്യക്തി തന്റെ പറമ്പിലൂടെയുള്ള കാന വഴി വെള്ളം ഒഴുക്കി വിടുന്നത് തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലുണ്ട്. എല്ലാവർഷവും കലക്ടർ ഇടപെട്ടാണ് വെള്ളം ഒഴുക്കിവിട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കുന്നത്. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾക്ക് മുമ്പ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തരുതെന്ന കോടതി വിധി ഉണ്ടായിട്ടും ഇത് ലംഘിച്ചാണ് കാന അടച്ചുകെട്ടിയതെന്നും ഇതൊഴിവാക്കാൻ കലക്ടറുടെ നിർദേശമുണ്ടെന്നും ഈ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും സിപിഐ എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ വി ശ്രീവത്സൻ ആവശ്യപ്പെട്ടു.